ലൈംഗിക അധിക്ഷേപ പരാതി വൈസ് പ്രിൻസിപ്പലിനെതിരെ നടപടിക്ക് ശുപാർശ
പി ടി എ യോഗത്തിലാണ് തീരുമാനം
ലൈംഗിക അധിക്ഷേപത്തെ തുടർന്നുള്ള വിദ്യാർത്ഥിനികളുടെ പരാതിയിൽ മാനേജ്‌മെന്റ് നടപടിയെടുക്കാൻ ചേർത്തല എസ് എച്ച് നഴ്‌സിംഗ് കോളേജ് പി ടി എ യോഗത്തിൽ നഴ്സിങ് കൗൺസിൽ നിർദ്ദേശം നൽകി.
ചേർത്തല എസ്.എച്ച്. നഴ്സിംഗ് കോളേജിലെ വൈസ് പ്രിൻസിപ്പാൾ ലൈംഗിക അധിക്ഷേപം നടത്തിയെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനികൾ രംഗത്ത് വന്നിരുന്നു. പരാതിപ്പെട്ട വിദ്യാർത്ഥിനികളെ ദ്രോഹിക്കാൻ അനുവദിക്കില്ലെന്ന് നഴ്സിംഗ് കൗൺസിൽ അംഗം ബീന വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പാക്കും.
ഒരു പരിഷ‍്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. 'മാലാഖ' എന്ന് വിശേഷിപ്പിക്കുന്നവരെ ചവിട്ടിത്താഴ്ത്തുന്ന സമീപനമാണ് ഉണ്ടായത്. തെറ്റുപറ്റിയെന്നാണ് വൈസ് പ്രിൻസിപ്പാൾ മൊഴി നൽകിയതെന്നും അവർ പറഞ്ഞു. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താൽ കുട്ടികൾ തമ്മിൽ സ്വവർഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിൻസിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികൾ പരാതിപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷൻ തിയേറ്ററിലെ കക്കൂസും വരെ വിദ്യാർത്ഥിനികളെ കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടിൽ പോകാൻ പോലും അനുവദിക്കാറില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു