‘ചിന്ന ചിന്ന ആസൈ’ ട്രെയ്‌ലർ പുറത്ത്; മധുബാല–ഇന്ദ്രൻസ് ചിത്രം ശ്രദ്ധ നേടുന്നു

‘ചിന്ന ചിന്ന ആസൈ’ ട്രെയ്‌ലർ പുറത്ത്; മധുബാല–ഇന്ദ്രൻസ് ചിത്രം ശ്രദ്ധ നേടുന്നു

ഇന്ദ്രൻസും മധുബാലയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ "ചിന്ന ചിന്ന ആസൈയുടെ'' ട്രയ്ലർ പുറത്തിറങ്ങി. ജൂൺ 19 നാണ് ആഗോള റിലീസായി ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. അഭിജിത് ബാബുജി  നിർമ്മിക്കുന്ന ചിത്രം, ബാബുജി പ്രൊഡക്ഷൻസിന്റെ  ബാനറിലാണ് ഒരുങ്ങുന്നത്. നവാഗത സംവിധായിക വർഷ വാസുദേവാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വാരണാസിയെ പശ്ചാത്തലമാക്കി പൂർണമായും ചിത്രീകരിച്ചിരിക്കുന്ന സിനിമയ്ക്ക് അടുത്തിടെ സെൻസർ ബോർഡിന്റെ ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. കൊച്ചിയിലെ ഫോറം മാളിലെ   പിവിആർ സിനിമാസിൽ നടന്ന ചടങ്ങിലാണ് ട്രെയ്‌ലർ ലോഞ്ച് സംഘടിപ്പിച്ചത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും താരങ്ങളും മലയാള സിനിമയിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങിലാണ് ട്രെയ്‌ലർ പുറത്തിറക്കിയത്. തുടർന്ന് മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെ ട്രെയ്‌ലർ പ്രേക്ഷകരുമായി പങ്കുവെച്ചു. ചിത്രം പൂർണമായും ചിത്രീകരിച്ചിരിക്കുന്നത് വരാണാസിയിലാണ്. പ്രണയം, വൈകാരികത, സംഗീതം എന്നിവ കോർത്തിണക്കി മനോഹരമായൊരു കഥ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് ട്രെയ്‌ലർ സൂചന നൽകുന്നു. ഇന്ദ്രൻസിന്റെയും മധുബാലയുടെയും പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാകുമെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നു.