രാജ്യസഭയിൽ ഇന്ത്യ സഖ്യം ക്ഷയിക്കുന്നു; രാജ്യസഭയിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം ഉയർന്നു

രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 163 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്.

രാജ്യസഭയിൽ ഇന്ത്യ സഖ്യം ക്ഷയിക്കുന്നു; രാജ്യസഭയിൽ എൻഡിഎയ്ക്ക് ഭൂരിപക്ഷം ഉയർന്നു

ഡൽഹി: ഭരണഘടനാ ബിൽ പാസാക്കാനുള്ള ഭൂരിപക്ഷത്തോട് അടുത്ത് എൻഡിഎ. പുതിയ കണക്കുകൾ പ്രകാരം രാജ്യസഭയിൽ എൻഡിഎയുടെ അംഗബലം മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് തൊട്ടരികിലെത്തി. തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര ഭിന്നതകൾ എൻഡിഎയ്ക്ക് അനുകൂലമാകാൻ സാധ്യതയുണ്ടെങ്കിലും ലോക്‌സഭയിൽ ആവശ്യമായ ഭൂരിപക്ഷം ഇപ്പോഴും അകലെയാണ്. നിലവിൽ രാജ്യസഭയിൽ എൻഡിഎയ്ക്ക് 148 അംഗങ്ങളുടെ പിന്തുണയുണ്ട്. ഝാർഖണ്ഡിലും മിസോറമിലും നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്ന് സീറ്റുകൾ കൂടി നേടാനാകുമെന്ന പ്രതീക്ഷയിലാണ് സഖ്യം. അങ്ങനെ നേടിയാൽ രാജ്യസഭയിലെ എൻഡിഎയുടെ അംഗബലം 151 ആയി ഉയരും.ഇതിനുപുറമെ, തൃണമൂൽ കോൺഗ്രസിൽ നിന്ന് മൂന്ന് രാജ്യസഭാംഗങ്ങൾ രാജിവെച്ചതിനെത്തുടർന്ന് പശ്ചിമബംഗാളിൽ വരാനിരിക്കുന്ന  ഉപതിരഞ്ഞെടുപ്പുകളിൽ മൂന്ന് സീറ്റുകൾ കൂടി എൻഡിഎ നേടാനാകുമെന്നാണ് വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ എൻഡിഎയുടെ അംഗസംഖ്യ 154 ആയി ഉയരും. രാജ്യസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 163 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. അതിനാൽ ലക്ഷ്യത്തിലെത്താൻ എൻഡിഎയ്ക്ക് ഇനിയും ഒമ്പത് അംഗങ്ങളുടെ പിന്തുണ കൂടി വേണം. തൃണമൂൽ കോൺഗ്രസിൽ നിന്ന് കൂടുതൽ രാജ്യസഭാംഗങ്ങൾ രാജിവെക്കാൻ സാധ്യതയുണ്ടെന്നാണ് കണക്ക് കൂട്ടൽ. അങ്ങനെ സംഭവിച്ചാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് ആവശ്യമായ 163 അംഗങ്ങളുടെ പിന്തുണ കൈവരിക്കാനാകുമെന്നാണ് ഭരണകക്ഷിയുടെ പ്രതീക്ഷ. രാജ്യസഭയിൽ ഈ നിർണായക ഭൂരിപക്ഷം ഉറപ്പാക്കാനായാൽ ഭരണഘടനാ ഭേദഗതി ബില്ലുകൾ പാസാക്കുന്നതിൽ കേന്ദ്രസർക്കാരിന് വലിയ മുൻതൂക്കം ലഭിക്കും. 

അതേസമയം, രാജ്യസഭയിൽ ഇന്ത്യ സഖ്യത്തിന് ശക്തി ഇപ്പോൾ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഡി.എം.കെ.യും ആം ആദ്മി പാർട്ടിയും സഖ്യത്തിൽ നിന്ന് അകന്നതോടെ പ്രതിപക്ഷ അംഗബലം 64 ആയി ചുരുങ്ങി. അതേസമയം, യഥാക്രമം ഏഴും ആറും അംഗങ്ങളുള്ള വൈ.എസ്.ആർ. കോൺഗ്രസും ബിജു ജനതാദളും സഭയിൽ നിർണായക സ്വാധീനമുള്ള കക്ഷികളായി തുടരുന്നു. വിഷയാടിസ്ഥാനത്തിൽ ഇരു പാർട്ടികളും ഭരണപക്ഷത്തെയോ പ്രതിപക്ഷത്തെയോ പിന്തുണയ്ക്കാൻ സാധ്യതയുള്ളതിനാൽ അവരുടെ നിലപാട് നിർണായകമാകും.