പാക്ക് അധീന കശ്മീരിൽ വൻ പ്രക്ഷോഭം; പാകിസ്ഥാൻ സൈന്യത്തിന് നേരെ മാർച്ച്

പാക്ക് അധീന കശ്മീരിൽ വൻ പ്രക്ഷോഭം; പാകിസ്ഥാൻ സൈന്യത്തിന് നേരെ മാർച്ച്

മുസാഫറാബാദ്: പാക്ക് അധീന കാശ്മീരിൽ ഭരണകൂടത്തിനും സൈന്യത്തിനും നേരെ ജനങ്ങളുടെ വൻ പ്രക്ഷോഭം. കഴിഞ്ഞ ദിവസം പാക്ക് സൈന്യം നടത്തിയ വെടിവെയ്പ്പിൽ 11 സാധാരണക്കാർ കൊല്ലപ്പെട്ടതിലാണ് ജനരോഷം ഉയർന്നത്.ഏകദേശം ഒന്നര ലക്ഷത്തോളം പേരാണ് ഭരണകൂടത്തിനെതിരെ മുസാഫറാബാദിലേക്ക് മാർച്ച് നടത്തിയത്. പാക്ക് ഭരണകൂടം നിരോധിച്ച ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. റാവൽക്കോട്ട്, ബാഗ്, ഹട്ടിയൻ ബാല, കോട്ട്ലി, മിർപൂർ തുടങ്ങിയ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ആളുകൾ റാവൽക്കോട്ടിൽ ഒത്തുചേർന്ന ശേഷം മുസാഫറാബാദിലേക്ക് മാർച്ച് നടത്തുകയായിരുന്നു. മേഖലയിൽ കടുത്ത സംഘർഷാവസ്ഥ തുടരുന്ന സാഹചര്യം ആയതിനാൽ കടുത്ത നിയന്ത്രണങ്ങളാണ് അതികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. മുസാഫറാബാദിലേക്കുള്ള പ്രധാന റോഡുകളിൽ മരങ്ങൾ വെട്ടിയിട്ടുംപ്രക്ഷോഭകരെ തടഞ്ഞിരിക്കുകയാണ്. കൂടാതെ നാല് പ്രധാന പ്രതിഷേധ നേതാക്കളെ പിടികൂടാൻ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും അവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും ചെയ്തു. പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുകയും ചെയ്തു.     

നേരത്തെ, വൈദ്യുതി, ഗോതമ്പ് എന്നിവയുടെ അമിത വിലവർദ്ധനവിനെതിരെയും അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയുമാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ, ജൂൺ 8-ന് സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ സൈന്യം വെടിവെച്ചതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സാധിക്കാതെയായി. 'ഭീകരതയ്ക്ക് പിന്നിൽ യൂണിഫോം ധരിച്ചവരാണ്' എന്ന മുദ്രാവാക്യവുമായാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്. അവകാശങ്ങൾ ചോദിക്കുന്നവരെ 'ഭീകരർ' എന്നും 'ഇന്ത്യൻ ഏജന്റുമാർ' എന്നും വിളിച്ചാണ് പാക് അധികൃതർ നേരിടുന്നതെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.