ഇന്ധന മേഖലയിൽ കേന്ദ്ര സർക്കാരിന്റെ പരിഷ്കരണം; എഥനോൾ ഉയർന്ന അളവിൽ ചേർത്ത പെട്രോളിന് നികുതി ഇളവ്; ലക്ഷ്യം ഇന്ധന ഇറക്കുമതി കുറയ്ക്കൽ

ഇന്ധന മേഖലയിൽ കേന്ദ്ര സർക്കാരിന്റെ പരിഷ്കരണം; എഥനോൾ ഉയർന്ന അളവിൽ ചേർത്ത പെട്രോളിന് നികുതി ഇളവ്; ലക്ഷ്യം ഇന്ധന ഇറക്കുമതി കുറയ്ക്കൽ

ഡൽഹി: ഇന്ധന മേഖലയിൽ സുപ്രധാന നീക്കവുമായി കേന്ദ്ര സർക്കാർ. ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോളിന് ഏർപ്പെടുത്തിയിരുന്ന എക്‌സൈസ് ഡ്യൂട്ടി സർക്കാർ പൂർണ്ണമായും ഒഴിവാക്കി.  ഇന്ധന വില കുറയ്ക്കുന്നതിനും പ്രകൃതി സൗഹാർദ്ദമായ ഗതാഗതം ഒരുക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനം. പെട്രോളിൽ 22%, 25%, 27%, 30% എന്നീ ക്രമത്തിൽ  എഥനോൾ കലർത്തിയ ഇന്ധനത്തിനാണ്  ഇളവ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. അടിസ്ഥാന എക്‌സൈസ് ഡ്യൂട്ടിക്ക് പുറമെ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ്, കാർഷിക ഇൻഫ്രാസ്ട്രക്ചർ സെസ് എന്നിവയും കേന്ദ്ര സർക്കാർ ഒഴിവാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണ്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യകതയുടെ ഏകദേശം 90 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് ലഘൂകരിക്കാനും ലക്ഷ്യമിട്ടാണ് പെട്രോളിൽ എഥനോൾ കലർത്തി തുടങ്ങിയത്. ഉയർന്ന അളവിൽ എഥനോൾ അടങ്ങുന്ന ഇന്ധനത്തിന്റെ ഉപഭോഗം പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം. പശ്ചിമേഷ്യ അശാന്തമായതോടെയാണ് രാജ്യത്ത് എണ്ണ വിലയിൽ വർദ്ധനവ് സംഭവിക്കുന്നത്