തൃണമൂൽ കോൺഗ്രസിൽ സ്ഥിതി രൂക്ഷം; രാജ്യസഭാ എംപി പ്രകാശ് ചിക് ബറൈക്ക് രാജി വെച്ചു
ഒരാഴ്ച്ചയ്ക്കിടെ മൂന്നാമത്തെ എംപിയാണ് ഇപ്പോൾ രാജി വെക്കുന്നത്
ബംഗാൾ: ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ നിന്നും കൊഴിഞ്ഞുപോക്ക് കൂടിക്കൊണ്ടിരിക്കുന്നു. രാജ്യസഭാ എംപി പ്രകാശ് ചിക് ബറൈക്ക് ആണ് ഇപ്പോൾ രാജി വെച്ചിരിക്കുന്നത്. ഒരാഴ്ച്ചയ്ക്കിടെ മൂന്നാമത്തെ എംപിയാണ് ഇപ്പോൾ രാജി വെക്കുന്നത്. നേരത്തെ സുഷ്മിത ദേബ്, സുഗേന്ദു ശേഖര്‍ റോയ് എന്നിവര്‍ രാജി വെച്ചിരുന്നു. ഇവർക്ക് പിന്നാലെയാണ് ഇപ്പോൾ പ്രകാശ് ചിക് ബറൈക്ക് രാജി വെച്ചിരിക്കുന്നത്. ഇതോടെ രാജ്യസഭയില്‍ തൃണമൂല്‍ കോൺഗ്രസിന്റെ എംപിമാരുടെ എണ്ണം 13-ല്‍ നിന്ന് 10 ആയി കുറഞ്ഞു.രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന് അയച്ച കത്തിലൂടെയാണ് പ്രകാശ് രാജി ആവശ്യം ഉന്നയിച്ചത്. "രാജ്യസഭാംഗത്വത്തിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നു. ദയവായി എന്റെ രാജി ഉടനടി സ്വീകരിക്കുക," എന്നാണ് കത്തിൽ പറയുന്നത്.
തൃണമൂൽ കോൺഗ്രസിൽ തുടർന്നുകൊണ്ടിരിക്കുന്ന ഈ കൊഴിഞ്ഞുപോക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പശ്ചിമബംഗാൾ നിയമസഭയിലെ ഭൂരിപക്ഷം എംഎൽഎമാരും വിമതചേരിയിലേയ്ക്ക് പോയതിന് പിന്നാലെ ലോക്സഭാ എംപിമാരിൽ ഭൂരിപക്ഷവും വിമതപക്ഷത്തേയ്ക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസിൻ്റെ താരമുഖങ്ങളായ യൂസഫ് പത്താൻ, ശത്രുഘ്‌നൻ സിൻഹ, സയോണി ഘോഷ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ 19 എംപിമാർ വിമത നീക്കത്തിനൊപ്പമാണെന്ന റിപ്പോർട്ടും ഇന്നലെ പുറത്തുവന്നിരുന്നു. ഇവരെല്ലാവരും വിമതപക്ഷത്താണ് എന്ന വ്യക്തമാക്കുന്ന രേഖകളിൽ ഒപ്പുവെച്ചതായും റിപ്പോർട്ടുണ്ട്.