വിലക്കയറ്റത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തം, തിരുവനന്തപുരത്ത് ചെന്നിത്തലയുടെ നേതൃത്വത്തിൽ നൂറു കണക്കിനു നേതാക്കൾ അറസ്റ്റ് വരിക്കും
രാജ്യത്തുടനീളം കത്തിപ്പടരുന്ന വിലക്കയറ്റത്തിനെതിരേ കോൺഗ്രസ് പ്രതിഷേധം ശക്തം. രാജ്യത്തുടനീളം ആയിരക്കണക്കിനു കോൺഗ്രസ് പ്രവർത്തകർ അറസ്റ്റ് വരിച്ചു. തിരുവനന്തപുരത്ത് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ഇന്നുച്ചയ്ക്ക് ഏജീസ് ഓഫീസ് പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കും. കെപിസിസി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവരുടെ നേതൃത്വത്തിലാണു എജീസ് ഓഫീസ് പിക്കറ്റ് ചെയ്യുക. കെപിസിസി, ഡിസിസി ഭാരവാഹികൾ പങ്കെടുക്കും. നൂറിൽപ്പരം നേതാക്കൾ അറസ്റ്റ് വരിക്കും.
വിലക്കയറ്റത്തിന് ആക്കം കൂട്ടുന്ന കേന്ദ്ര സർക്കാരിന്റെ നടപടികളെ പിന്തുണയ്ക്കുകയാണ് കേരള സർക്കാരെന്നു രമേശ് ചെന്നിത്തല പറഞ്ഞു. പെട്രോളിനും ഡീസലിനുമുള്ള അധിക നികുതി പിൻവലിച്ചാൽത്തന്നെ കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുറയും. എന്നാൽ സംസ്ഥാന സർക്കാർ നികുതി ഇളവ് അനുവദിക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും എതിരെ പ്രതിഷേധിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട രാഹുൽ ഗാന്ധിയെയും മറ്റ് കോൺഗ്രസ്സ് നേതാക്കളെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ഡൽഹി കിംഗ്സ് വേ പോലീസ് സ്റ്റേഷനിൽ സന്ദർശിച്ചു .രാജ്യത്താകമാനം പാവപ്പെട്ട ജനം മോദി സർക്കാരിൻ്റെ ജനദ്രോഹനയങ്ങളിൽ വലയുകയാണ്. എത്ര അടിച്ചമർത്താൻ നോക്കിയാലും രാജ്യവ്യാപക പ്രക്ഷോഭങ്ങളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈ മണ്ണിൽ ജനങ്ങളുടെ ശബ്ദമാകും. നേതാക്കളെ വേട്ടയാടിയാൽ കോൺഗ്രസ് തളരുമെന്ന് കരുതുന്ന നരേന്ദ്രമോദി മൂഢസ്വർഗ്ഗത്തിലാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി.