പി.ടിയോടുള്ള പക മരിച്ചിട്ടും ചിലര്‍ക്ക് തീര്‍ന്നിട്ടില്ല; മകന്‍ ലഹരിക്കടിമയാണെന്ന പ്രചരണത്തിനെതിരെ ഉമ തോമസ്

പി.ടിയോടുള്ള പക   മരിച്ചിട്ടും ചിലര്‍ക്ക് തീര്‍ന്നിട്ടില്ല; മകന്‍ ലഹരിക്കടിമയാണെന്ന പ്രചരണത്തിനെതിരെ ഉമ തോമസ്

 മകന്‍ ലഹരിക്കടിമയാണെന്നും, പൊലീസ് അറസ്റ്റ് ചെയ്‌തെന്നുമുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചരണത്തിന് മറുപടിയുമായി തൃക്കാക്കര എം.എല്‍.എ ഉമ തോമസ്. പൊലീസ് പൊക്കി എന്ന് പറയുന്ന എന്റെ മകന്‍ എന്നോടൊപ്പം കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളം കയറിയ ഞങ്ങളുടെ വീട് വൃത്തിയാക്കുന്ന ജോലിയിലാണെന്ന് മകന്റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

മരിച്ചിട്ടും ചിലര്‍ക്ക് പി.ടിയോടുള്ള പക തീര്‍ന്നിട്ടില്ലായെന്ന് എനിക്കറിയാം. പാതിവഴിയില്‍ എന്റെ പോരാട്ടം അവസാനിപ്പിക്കുവാന്‍ ആര് വിചാരിച്ചാലും സാധിക്കില്ല. പി.ടി തുടങ്ങിവച്ചതൊക്കെ ഞാന്‍ പൂര്‍ത്തിയാക്കുക തന്നെ ചെയ്യുമെന്നും ഉമ തോമസ് പറഞ്ഞു.

സത്യവുമായി ഒരു ബന്ധവും ഇല്ലാത്ത ഈ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവര്‍ക്കും ഷെയര്‍ ചെയ്തവര്‍ക്കുമെതിരെ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും പരാതി നല്‍കുമെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.