ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യം പൂര്‍ണ സ്വരാജെന്ന് ആദ്യം പറഞ്ഞത് കമ്മ്യൂണിസ്റ്റുകാര്‍: സി.പി.ഐ.എം

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യം പൂര്‍ണ സ്വരാജെന്ന് ആദ്യം പറഞ്ഞത് കമ്മ്യൂണിസ്റ്റുകാര്‍: സി.പി.ഐ.എം

  ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യം പൂര്‍ണ സ്വരാജെന്ന് ആദ്യം പറഞ്ഞത് കമ്മ്യൂണിസ്റ്റുകാരെന്ന് സി.പി.ഐ.എം. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മാനിഫെസ്റ്റോ മുന്നോട്ടുവച്ച ആശയമാണ് സമ്പൂര്‍ണ സ്വാതന്ത്ര്യമെന്നും സി.പി.ഐ.എം പറഞ്ഞു.

മഹാത്മാഗാന്ധി മുന്നോട്ടുവച്ച ‘സ്വരാജ്’ എന്ന ലക്ഷ്യത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന, ‘പൂര്‍ണ സ്വരാജ്’ ലക്ഷ്യമായി പ്രഖ്യാപിക്കണമെന്ന പ്രമേയം മൗലാന ഹസ്രത് മൊഹാനി അവതരിപ്പിച്ചു. സ്വാമി കുമാരാനന്ദ ഈ പ്രമേയത്തെ പിന്താങ്ങി. ഇവര്‍ ഇരുവരും ഇന്ത്യയിലെ ആദ്യ തലമുറയില്‍പെട്ട കമ്യൂണിസ്റ്റുകാരായിരുന്നുവെന്നും സി.പി.ഐ.എം പ്രസ്താവനയിലൂടെ പറഞ്ഞു.

1920 ഒക്ടോബര്‍ 17ന് താഷ്‌ക്കെന്റില്‍ വെച്ച് രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരം എം.എന്‍. റോയിയും അബനി മുഖര്‍ജിയും ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മാനിഫെസ്റ്റോ തയ്യാറാക്കി കോണ്‍ഗ്രസ് സമ്മേളനത്തിനു മുന്‍പ് ഇന്ത്യയില്‍ എത്തിച്ചിരുന്നു. ആ രേഖ മുന്നോട്ടുവച്ച ആശയമാണ് ‘സമ്പൂര്‍ണ സ്വാതന്ത്ര്യം’ ആവശ്യപ്പെടുന്ന പ്രമേയത്തിലൂടെ മൊഹാനി എ.ഐ.സി.സി സമ്മേളനത്തില്‍ അവതരിപ്പിച്ചതെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന ഡിഫെന്‍ഡ് ഫ്രീഡം അറ്റ് 75 ക്യാമ്പെയിന്റെ ഭാഗമായാണ് സി.പി.ഐ.എം പ്രസ്താവന.