150 സി സി ടി വി പരിശോധിച്ച് മുഖം കണ്ടെത്താൻ ആയില്ല ! എന്നാൽ ടി ഷർട്ടിന്റെയും ഷൂസിന്റെയും കമ്പനി കണ്ടെത്താനായത് രസകരം
അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളി. എ.കെ.ജി സെന്റർ ആക്രമിച്ച കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ (31) മൂന്നുദിവസം ക്രൈെംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) എസ്.അഭിനിമോൾ ഉത്തരവിട്ടു.
ആക്രമണം നടത്തിയ സമയത്ത് പ്രതി ധരിച്ച വസ്ത്രങ്ങൾ, ഷൂസ്, ബോംബുമായെത്തിയ സ്കൂട്ടർ എന്നിവ കണ്ടെത്തണമെന്നും സ്ഫോടനത്തിന് ഉപയോഗിച്ച ബോംബിന്റെ ഉറവിടവും ഗൂഢാലോചനയിലടക്കം മറ്റാർക്കൊക്കെ പങ്കുണ്ടെന്നും കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
എ.കെ.ജി സെന്ററിലെയും സമീപത്തെയും 150 സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും പ്രതിയുടെ മുഖം കണ്ടെത്താനാകാതിരുന്ന അന്വേഷണ സംഘത്തിന് പ്രതി ധരിച്ചിരുന്ന ടീ ഷർട്ട് ഏത് കമ്പനിയുടേതാണെന്നും കാലിൽ ധരിച്ചിരുന്ന ഷൂസ് ഏത് കമ്പനിയുടേതാണെന്നും കണ്ടെത്താനായത് ഏറെ രസകരമാണെന്ന് പ്രതിഭാഗം വാദിച്ചു.
പ്രോസിക്യൂഷന്റെ രാഷ്ട്രീയ നാടകത്തിന് കോടതി കൂട്ടുനിൽക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. സംഭവം നടന്ന് 82 ദിവസം കൊണ്ടാണ് പ്രതി യൂത്ത് കോൺഗ്രസ് നേതാവാണെന്ന് പോലീസ് തിരിച്ചറിഞ്ഞതെങ്കിൽ മൂന്നാമത്തെ മിനിറ്റിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പ്രതി കോൺഗ്രസുകാരനാണെന്ന് പറഞ്ഞതായി പ്രതിഭാഗം കോടതിയെ ധരിപ്പിച്ചു.
പ്രതിയുടെ ജാമ്യ ഹർജി കോടതി 26 ന് പരിഗണിയ്ക്കും. പ്രോസിക്യൂഷന് വേണ്ടി സീനിയർ എ.പി.പി ഉമാ നൗഷാദും പ്രതിയ്ക്കുവേണ്ടി മൃദുൽ ജോൺ മാത്യുവും ഹാജരായി.
പൊലീസ് ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിച്ചതാണെന്ന് ഇന്നലെ ജനറലാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ജിതിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവുകേസിൽ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. താൻ കുറ്റം ചെയ്തിട്ടില്ല.
പൊലീസാണ് തെളിവുകൾ ഉണ്ടാക്കിയത്. തന്റെ കൂടെയുള്ളവരെ പലരെയും കേസിലുൾപ്പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ജിതിൻ പറഞ്ഞു.