ഗൺമാന്മാരുടെ മർദ്ദനം; പരാതി പൊലിപ്പിച്ച് എഴുതിയതെന്ന് കോടതി; വാദിഭാഗത്തിന് വിമർശനം

ഗൺമാന്മാരുടെ മർദ്ദനം; പരാതി പൊലിപ്പിച്ച് എഴുതിയതെന്ന് കോടതി; വാദിഭാഗത്തിന് വിമർശനം

ആലപ്പുഴ: ഗൺമാന്മാരുടെ മർദ്ദന കേസിൽ വാദിഭാഗത്തിന് കോടതിയുടെ രൂക്ഷ വിമർശനം. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് വാദിഭാഗത്തിനെതിരെ വിമർശനം ഉന്നയിച്ചത്. വാദിഭാഗം തയ്യാറാക്കിയത് പൊലിപ്പിച്ച പരാതിയാണെന്നും അഭിഭാഷകന്റെ സഹായത്തോടെയാണ് പരാതി തയ്യാറക്കിയതെന്നുമാണ്  കോടതിയുടെ വിമർശനം. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ പരാമര്‍ശം. ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം. ആരോപണം ഉന്നയിക്കുമ്പോള്‍ അത് തെളിയിക്കുന്ന രേഖകള്‍ കൂടി ഹാജരാക്കേണ്ടേ എന്ന് കോടതി ചോദിച്ചു. അതേസമയം, കോടതി ഒന്നും കാണുന്നില്ലേ എന്ന് വാദിഭാഗത്തിന്റെ അഭിഭാഷകന്‍ പി റോയ് ചോദിച്ചു. മനസാക്ഷി മരവിക്കുന്ന അക്രമം അല്ലെ നടന്നത്. വിഷമം തോന്നുന്നുവെന്നും പി റോയ് പറഞ്ഞു. നിസാര പരിക്ക് അല്ലേ ഉള്ളു എന്ന് കോടതി ചോദിച്ചു. എന്നാല്‍ ഇതില്‍ കൂടുതല്‍ എങ്ങനെ പറഞ്ഞു മനസിലാക്കുമെന്നായിരുന്നു അഭിഭാഷകന്റെ പ്രതികരണം. 

മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാദിഭാഗം കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ, വീഡിയോയുടെ ആധികാരികത എങ്ങനെ ഉറപ്പിക്കാനാവുമെന്നാണ് കോടതി ചോദിച്ചത്. സംഭവം മുഴുവനായി പൊലീസ് ചിത്രീകരിച്ച വീഡിയോ ഉണ്ടോയെന്നും വാദി ഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. 'സുരക്ഷാ ജീവനക്കാര്‍ പുറത്തിറങ്ങിയത് ജോലിയുടെ ഭാഗമായി. മര്‍ദിച്ചത് അവര്‍ക്ക് അനുവദിച്ചു നല്‍കിയ വസ്തു കൊണ്ട്. മരണം സംഭവിച്ചേക്കാവുന്ന മര്‍ദ്ദനം എന്ന് എന്ത് കൊണ്ട് ഡോക്ടര്‍ അന്ന് പറഞ്ഞില്ല? അത് മറച്ചു വെച്ചതാണെങ്കില്‍ ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണ്ടേ?', കോടതി ചോദിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം പരിക്കുകള്‍ നിസാരമെന്ന് കോടതി പറഞ്ഞു. ആദ്യത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഗുരുതര പരിക്കുകള്‍ ഉണ്ടെന്ന പരാമര്‍ശം ഇല്ലെന്നും പരിക്ക് റിപ്പോര്‍ട്ട് ആക്കിയ ഡോക്ടര്‍ക്ക് പറ്റിയ പിഴവാണോ എന്നും കോടതി ചോദിച്ചു.

കേസ് ജൂൺ 6 ലേക്ക് മാറ്റിയിരിക്കുകയാണ്. അതുവരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും കോടതി കർശനമായി പറഞ്ഞു.