അഗ്നിപഥ് രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാൽ നിർത്തിവെയ്ക്കണം: മോദിയോട് പിണറായി

അഗ്നിപഥ് രാജ്യസുരക്ഷയെ ബാധിക്കുമെന്നതിനാൽ നിർത്തിവെയ്ക്കണം: മോദിയോട് പിണറായി

അഗ്നിപഥ് പദ്ധതി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.  ദേശീയ സുരക്ഷാ വിദഗ്ധരും സേനയിൽനിന്ന് വിരമിച്ച പ്രമുഖരും പദ്ധതിയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഈ വിമർശനങ്ങളെ കണക്കിലെടുക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ അഭ്യർത്ഥിച്ചു.

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ കത്ത്. പദ്ധതിക്കെതിരെ കേരളത്തിലും ശനിയാഴ്ച പ്രതിഷേധം ഉണ്ടായി. തിരുവനന്തപുരത്ത് മുന്നൂറിലധികം ഉദ്യോഗാർഥികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. കോഴിക്കോടും പ്രതിഷേധ പ്രകടനം നടന്നു.
രാജ്യത്തെ യുവാക്കളുടെ തൊഴിൽ സ്വപ്നമാണ് സൈനിക ഉദ്യോഗം. രാജ്യസുരക്ഷ കാത്തുസൂക്ഷിക്കുകയെന്ന വലിയ കർത്തവ്യമാണ് അവർ നിർവഹിക്കുന്നത്. അതുകൊണ്ടുതന്നെ തൊഴിൽ സുരക്ഷിതത്വവും വേതനവും വിമുക്തഭട സംവരണവും മറ്റ് ആനുകൂല്യങ്ങളും അവർക്ക് നൽകുകയെന്നത് ഭരണകൂടത്തിന്റെ കടമയാണ്. വളരെ ചുരുങ്ങിയ തൊഴിൽ കാലാവധിയെന്നത് സൈനികോദ്യോഗത്തിന്റെ പ്രഫഷനലിസത്തെ ബാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ട്രെയിനിങ് കാലാവധിയിൽ നേടുന്ന വൈദഗ്ധ്യം വലിയ കാലയളവിലേക്കുള്ളതാണ്. നാലു വർഷമെന്ന ചുരുങ്ങിയ കാലാവധി രാജ്യസുരക്ഷയെ തന്നെ ബാധിച്ചേക്കും.

ഉന്നതവിദ്യാഭ്യാസത്തിനും മറ്റു തൊഴിൽ നൈപുണ്യം നേടുന്നതിനും ഉപയോഗിക്കേണ്ട കാലയളവുകൂടിയാണ് ഈ നാലുവർഷം. അഗ്നിപഥ് പദ്ധതിയിലെ നാലുവർഷ കാലത്തെ സേവനത്തിനു ശേഷം ഈ യുവാക്കളുടെ തൊഴിൽ ലഭ്യതക്കുള്ള സാധ്യതകളും ചുരുങ്ങും. ഈ വിഷയങ്ങൾക്കൊക്കെ കേന്ദ്രസർക്കാർ തൃപ്തികരമായ മറുപടി നൽകണമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. അതോടൊപ്പം നിലവിലെ സേനാ റിക്രൂട്മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയ പലരുടെയും ആശങ്കകൾ പരിഹരിക്കപ്പെടേണ്ടതുമുണ്ട്.

രാജ്യത്ത് നിലവിൽ സ്ഥിരം തൊഴിലവസരങ്ങൾ കുറയുകയും കേന്ദ്രസർക്കാർ സർവീസുകളിൽ നികത്തപ്പെടാത്ത ഒഴിവുകൾ കൂടിവരികയും ചെയ്യുകയാണ്. കണക്കുകൾ പ്രകാരം ഇന്ത്യയിലെ അനുവദിക്കപ്പെട്ട തസ്തികകളിൽ 22.76 ശതമാനം 2018- 19 ൽ ഒഴിഞ്ഞുകിടക്കുകയാണ്. 2020 മാർച്ച് ൊ വരെയുള്ള കണക്കുകൾ പ്രകാരം 8,72,243 തസ്തികകൾ കേന്ദ്ര സർക്കാർ വകുപ്പുകളിൽ നികത്താൻ ബാക്കിയുണ്ട്. രാജ്യത്തെ തൊഴിലന്വേഷകരുടെ വികാരം മാനിച്ചും വിദഗ്ധരുയർത്തിയ വിമർശനങ്ങളെ പരിഗണിച്ചും അഗ്നിപഥ് നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.