സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചതിൽ രാഹുൽ ഗാന്ധി പ്രായശ്ചിത്തം ചെയ്യണം: ബിജെപി
നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ മുൻകൂട്ടി നിശ്ചയിച്ചിട്ടും രാഹുല്‍ ഗാന്ധിയെത്താതിരുന്നതിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രൂക്ഷഭാഷയിൽ പ്രതികരിച്ചു.
ഭാരത് ജോഡോ യാത്രയുമായി തലസ്ഥാനത്തെത്തിയ രാഹുൽ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണെന്നും ക്ഷമാപണം നടത്തണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
''എല്ലാവരും കാത്ത് നിൽക്കവേ, ഉദ്ഘാടനം നടത്തേണ്ടിയിരുന്ന സ്മൃതി മണ്ഡപത്തിന് മുന്നിലൂടെ രാഹുൽ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെയാണ് കടന്നു പോയത്. സ്വാതന്ത്ര്യസമര സേനാനികളോട് അങ്ങേയറ്റത്തെ അനാദരവാണുണ്ടായത്. രാഹുൽ മാപ്പ് പറയണമെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച് പ്രായശ്ചിത്തം ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു''.
''യാത്രയുടെ ഉദ്ദേശത്തിന് നേരെ വിപരീതമാണ് നടക്കുന്നത്. ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന നേതാവിൻ്റെ നിലപാടിതാണോയെന്ന് വ്യക്തമാക്കണം. കെപിസിസി അധ്യക്ഷനും തരൂര്‍ എംപിയും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു''. മലയാളികളെ ആകെ അപമാനിച്ച രാഹുൽ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.