ലോകായുക്ത വിധി വന്നാൽ പ്രതിസന്ധി: പേടിച്ച് സർക്കാർ
ഗവർണ്ണർ ഒപ്പിടാത്തതിനെ തുടർന്ന് 11 ഓർഡിനൻസുകൾ അസാധുവായ സാഹചര്യം ഉണ്ടായപ്പോൾ അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ലോകായുക്ത ഭേദഗതി ഓർഡിനൻസ്. ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായതിനാൽ, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെയുള്ള ദുരിതാശ്വാസ നിധിക്കേസിന്റെ വിധിയിലേക്ക് ലോകായുക്ത കടക്കാനുള്ള സാഹചര്യമൊരുങ്ങി. ഓർഡിനൻസ് അസാധുവായതോടെ ഭേദഗതിക്കു മുൻപുള്ള നിയമം പുനഃസ്ഥാപിക്കപ്പെട്ടിരിക്കുകയാണ്. പൊതുപ്രവർത്തകരുടെ അഴിമതി തെളിഞ്ഞാൽ അവർ ഔദ്യോഗിക സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്നു ലോകായുക്തയ്ക്കു വിധിക്കാൻ കഴിയും
ലോകായുക്ത വിധിയെ തുടർന്നാണ് ബന്ധു നിയമനക്കേസില്‍ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഉൾപ്പെടെയുള്ള 11 ഓർഡിനൻസുകളാണ് ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായത്. ഈ ഓർഡിനൻസുകൾ ബില്ലുകളായി ഇനി നിയമസഭയിൽ അവതരിപ്പിക്കണം. ഇതിനായി ഓഗസ്റ്റ് 22ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിസഭ ഗവർണറോട് അഭ്യർഥിച്ചിട്ടുണ്ട്. ഇതിനിടയിൽ ദുരിതാശ്വാസനിധി സംബന്ധിച്ച കേസിൽ എതിരായ വിധിയുണ്ടായാൽ സർക്കാർ സമ്മർദ്ദത്തിലാകും.
ദുരിതാശ്വാസ നിധിക്കേസിൽ മാർച്ച് മാസത്തിലാണ് ഹിയറിങ് പൂർത്തിയായത്. കേസ് വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. വിചാരണ നടക്കുമ്പോഴാണ് സർക്കാർ ഭേദഗതി ഓർഡിനൻസ് കൊണ്ടുവന്നത്. ദുരിതാശ്വാസനിധിയിൽനിന്ന് മുൻ എംഎൽഎമാരുടെ കുടുംബത്തിനു സഹായം നൽകിയത് അധികാര ദുർവിനിയോഗമാണെന്നും മന്ത്രിസഭാംഗങ്ങളെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗമായ ആർ.എസ്.ശശികുമാറാണ് ഹർജി നൽകിയത്.
എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ കുടുംബത്തിന്റെ വായ്പ അടയ്ക്കുന്നതിന് എട്ടര ലക്ഷം രൂപയും, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിനു ഭാര്യയ്ക്കു സർക്കാർ ജോലി ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾക്കു പുറമെ 20 ലക്ഷം രൂപയും നൽകിയതിനെതിരെയാണ് പരാതി. ‘കാട്ടിലെ തടി തേവരുടെ ആന’ എന്ന രീതിയിലാണ് ദുരിതാശ്വാസ നിധിയിൽനിന്ന് ഏതു സർക്കാരും പണം അനുവദിക്കുന്നതെന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചിരുന്നു.