വെല്‍ഡിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു; ദുരുഹതയെന്ന് ആക്ഷേപം

വെല്‍ഡിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു; ദുരുഹതയെന്ന് ആക്ഷേപം

ഇടുക്കി: ഇടുക്കിയിലെ കൂട്ടാറില്‍ വെല്‍ഡിംഗ് ജോലിക്കിടെ മകന്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അമ്മ രംഗത്തെത്തി. ഏപ്രില്‍ പത്താം തിയതി  അയല്‍വാസിയുടെ വീട്ടില്‍ വെല്‍ഡിംഗ് ചെയ്യുന്നതിനിടെയാണ് കൂട്ടാര്‍ സ്വദേശി അനൂപിന് ഷോക്കേറ്റത്. അയല്‍വാസിയായ ഗോപി എന്നയാളുടെ വീട്ടിന്റെ പട്ടിക്കൂട് നിര്‍മ്മിക്കുന്നതിനിടെയായിരുന്നു അപകടം. നിര്‍മ്മാണം ഏതാണ്ട് അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് ഷോക്കേറ്റത്. വീട്ടുകാരും സുഹൃത്തുക്കളും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ല കളക്ടര്‍ക്കും പൊലീസ് മേധാവിക്കും അനൂപിന്റെ അമ്മ ശോഭന പരാതി നല്‍കി. ആറുമാസം മുമ്പാണ് അനൂപിന്റെ അച്ഛന്‍ മരിച്ചത്. ഓഗസ്റ്റില്‍ വിദേശത്തേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്. ഇതോടെ ശോഭനയുടെ ഏക ആശ്രയമാണ് ഇല്ലാതായത്. സംഭവത്തില്‍ കമ്പംമെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. രണ്ടു വെല്‍ഡിംഗ് യന്ത്രങ്ങളും ഉപയോഗിച്ചിരുന്ന വയറും കസ്റ്റഡിയില്‍ എടുത്തു. വയറില്‍ പലയിടത്തും ഇന്‍സുലേഷന്‍ ഇല്ലായിരുന്നു. ഇതാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്നാണ് കണ്ടെത്തല്‍.  യന്ത്രങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. കെഎസ്ഇബിയില്‍ നിന്നും അനുമതി വാങ്ങാതെ വീട്ടില്‍ വെല്‍ഡിംഗ് യന്ത്രം ഉപയോഗിച്ചതിന് ഗോപിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.