കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലെന്ന് ആര്‍എസ്എസ്
മാനവീക പക്ഷത്തു നിലയുറപ്പിച്ച ദേശാസ്‌നേഹിയായതുകൊണ്ടും ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലുമാണ്
കെ.എന്‍.എ.ഖാദറിനെ കേസരി പരിപാടിക്കു വേണ്ടി താന്‍ തന്നെ നേരിട്ട് ക്ഷണിച്ചതെന്ന് ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ എന്‍.ആര്‍.മധു പറഞ്ഞു.
മാനവിക നിലപാടുള്ള വ്യക്തിയാണ് ഖാദര്‍. ലീഗ് പുറത്താക്കിയാല്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം കെ.എന്‍.എ ഖാദറിന് ഉണ്ടാകില്ല. ലീഗിന്റെ രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
ആര്‍എസ്എസ് ദേശീയ നേതാവുമായി വേദി പങ്കിട്ട കെ.എന്‍.എ ഖാദറിന്റെ നടപടിയില്‍ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. വിഷയത്തില്‍ സാദിഖലി തങ്ങളടക്കം ലീഗ് നേതൃത്വം സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.കോഴിക്കോട് കേസരിയില്‍ സ്‌നേഹബോധി സാംസ്‌കാരിക സമ്മേളനത്തിലാണ് കെ.എന്‍.എ ഖാദര്‍ പങ്കെടുത്തത്. കെ.എന്‍.എ.ഖാദറിനെ ആര്‍എസ്എസ് ദേശീയ നേതാവ് ജെ.നന്ദകുമാര്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ആഗ്രഹമുണ്ടെന്ന് വേദിയില്‍ കെ.എന്‍.എ.ഖാദര്‍ തുറന്നു പറഞ്ഞു. ഉത്തരേന്ത്യയിലെ പല ക്ഷേത്രങ്ങളിലും പോയി. എന്തു കൊണ്ട് ഗുരുവായൂരില്‍ ഇത് പറ്റുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. നിലവില്‍ മുസ്ലീം ലീഗിന്റെ ദേശീയ സമിതി അംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എംഎല്‍എയുമാണ് കെ.എന്‍.എ ഖാദര്‍. ആര്‍എസ്എസിന്റെ നേരിട്ടുള്ള പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. ഭഗവത് ഗീതയും ബുദ്ധനെയും ഉദ്ധരിച്ചുമെല്ലാം ആര്‍എസ്എസ് ബൗദ്ധികാചാര്യന്‍ ജെ.നന്ദകുമാര്‍ നടത്തിയ പ്രസംഗത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു കെ.എന്‍.എ.ഖാദറിന്റെയും പ്രസംഗം. ആ പ്രസംഗത്തിനിടയിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തനിക്ക് പുറത്ത് നിന്ന് കാണിക്ക അര്‍പ്പിക്കാനെ കഴിഞ്ഞുള്ളു. അകത്ത് കയറാന്‍ സാധിച്ചിട്ടില്ലെന്ന കാര്യം അദ്ദേഹം തുറന്നു പറഞ്ഞത്.
ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ എനിക്ക് പോകാന്‍ സാധിച്ചിട്ടുണ്ട്. ഇവിടെ ഇപ്പോള്‍ പോകാന്‍ സാധിക്കില്ല. എന്തുകൊണ്ടാണ് എനിക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകാന്‍ കഴിയാത്തത് എന്ന ചോദ്യം ജെ.നന്ദകുമാറിന്റെ മുഖത്ത് നോക്കി അദ്ദേഹം ചോദിച്ചു. കെ.എന്‍.എ. ഖാദര്‍ കുറച്ച് കാലമായി ലീഗുമായി അസ്വരസ്യത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ ഇടത്താവളങ്ങള്‍ തേടുന്ന നടപടിയുടെ ഭാഗമായിരുന്നോ ഇന്നത്തെ വേദി പങ്കിടലെന്നും രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. അത് ശരിവക്കുന്ന തരത്തില്‍ ആര്‍എസ്എസിന്റെ ബൗദ്ധിക കാഴ്ചപ്പാടുകളെ വിപുലീകരിക്കേണ്ടതിന്റെ ആവശ്യ കഥ ചൂണ്ടിക്കാട്ടുന്ന പ്രസംഗമാണ് കെ.എന്‍.എ.ഖാദര്‍ നടത്തിയത്