ഹേമന്ത് സോറനെ ഗവര്‍ണര്‍ അയോഗ്യനായി പ്രഖ്യാപിച്ചേക്കും
ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയാവാൻ സാധ്യത
ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന കാര്യത്തിൽ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാക്കാൻ സാധ്യത. മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇന്ന് ഗവര്‍ണര്‍ അയോഗ്യനാക്കി പ്രഖ്യാപിക്കാനാണ് സാധ്യത. മുഖ്യമന്ത്രിയെ അയോഗ്യനാക്കാൻ ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നൽകിയേക്കും.
ഹേമന്ത് സോറനെ അയോഗ്യനാക്കിയുള്ള വിജ്ഞാപനം രാജ്ഭവനിൽ നിന്നും പുറത്തു വന്നാൽ പിന്നെ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാവില്ല. എത്രയും പെട്ടെന്ന് രാജിവയ്ക്കേണ്ടി വരും. മുഖ്യമന്ത്രിയോടൊപ്പം മന്ത്രിസഭയും ഇതോടെ രാജിവയ്ക്കും. ആറ് മാസത്തിനുള്ളിൽ നടക്കേണ്ട ഉപതെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചാൽ ഹേമന്ത് സോറന് മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരാം. വിജ്ഞാപനം പുറത്തു വന്നാലുടൻ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിലും സോറനുമായി അടുത്ത വൃത്തങ്ങൾ നിയമോപദേശം തേടിയിട്ടുണ്ട്.
അതേസമയം ജാർഖണ്ഡിൽ ഗവർണർ തീരുമാനം പ്രഖ്യാപിക്കാൻ ഇരിക്കെ യു പി എ എംഎൽഎമാർ യോഗം ചേർന്നു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയിലാണ് എംഎൽഎമാർ യോഗം ചേർന്നത്. ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ ലഭിച്ചെങ്കിലും ഗവർണർ ഇതുവരെയും അയോഗ്യത പ്രഖ്യാപനം നടത്തിയിട്ടില്ല. ഖനി ലൈസൻസ് കേസിൽ ഹേമന്ത് സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. എന്നാൽ ധാർമികതയുടെ പേരിൽ സർക്കാരിനെ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്
