പിടിക്ക് പിന്‍ഗാമിയായി ഡൊമനിക്, ഷിയാസ്, ദീപ്തി, ടോണി
കൊച്ചി: പി ടി തോമസ് അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ഉടന്‍ പ്രഖ്യാപിക്കും. സാധ്യതാ പട്ടികയില്‍ ഒന്നാമത് പിടിയുടെ സഹധര്‍മ്മിണി ഉമ തോമസാണ്. മണ്ഡലത്തില്‍ പി.ടിയെ പോലെ തന്നെ ജനങ്ങള്‍ക്ക് പരിചിതമായ മുഖമാണ് ഉമ. മണ്ഡലത്തില്‍ വൈകാരികമായി നില്‍ക്കുന്ന വോട്ടുകള്‍ക്ക് അപ്പുറം മാറ്റമുണ്ടാക്കാന്‍ ഉമയ്ക്ക് കഴിയുകയും ചെയ്യും. കെപിസിസി പ്രസിഡന്റും മുതിര്‍ന്ന നേതാവ് കെ സി വേണുഗോപാലും നേരിട്ട് വീട്ടിലെത്തി ഉമയോട് മത്സരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ആദ്യഘട്ടത്തില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച ഉമ പിന്നീട് അര്‍ദ്ധസമ്മതം മൂളിയിട്ടുണ്ട്. അവസാന നിമിഷം ഉമ പിന്മാറുകയാണെങ്കില്‍ മാത്രം മറ്റുളള പേരുകള്‍ പരിഗണിക്കാമെന്ന നിലപാടിലാണ് നേതൃത്വം. ഡൊമനിക് പ്രസന്റേഷന്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദീപ്തി മേരി വര്‍ഗീസ്, ടോണി ചെമ്മണി തുടങ്ങിയവരാണ് പട്ടികയിലെ മറ്റു പേരുകള്‍. എന്നാല്‍ ഡിസിസി പ്രസിഡന്റായി തുടരാനാണ് താല്‍പ്പര്യമെന്ന് ഷിയാസ് നേതൃത്വത്തെ അനൗദ്യോഗികമായി അറിയിച്ചുകഴിഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തൃക്കാക്ക ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളില്ലെന്നത് നേതൃത്വത്തിന് ആശ്വാസമാവുകയാണ്. 29ന് എറണാകുളം ടൗണ്‍ ഹാളില്‍ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും പങ്കെടുക്കുന്ന യോഗം തെരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തുകയും ചെയ്യും. കെ റെയില്‍ വിഷയത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിനെതിരായ ജനവികാരമുയര്‍ന്നുവെന്ന് തെളിയിക്കാനുള്ള അവസരമായും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് കെപിസിസി കാണുന്നുണ്ട്.
