കോൺഗ്രസിൽ ചേരാൻ മമതയെ ക്ഷണിച്ച് സോണിയ ഗാന്ധി..?മാധ്യമ റിപ്പോർട്ടുകൾ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ
ടിഎംസിയുമായി നിലവിൽ ലയന ചർച്ചകൾ നടക്കുന്നില്ലെന്ന് കോൺഗ്രസ്. മമതക്ക് കോൺഗ്രസ് ദേശീയ ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തെന്ന മാധ്യമ റിപ്പോർട്ടുകൾ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തള്ളി
ദില്ലി: തൃണമൂൽ കോൺഗ്രസുമായി (ടി എം സി) നിലവിൽ കോൺഗ്രസ് ലയന ചർച്ചകളൊന്നും നടത്തുന്നില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ദില്ലിയിൽ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിൽ മമത ബാനർജി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, മമതയ്ക്ക് കോൺഗ്രസ് ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തെന്ന രീതിയിൽ പുറത്തുവന്ന മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം പൂർണ്ണമായി തള്ളി. അത്തരം ചർച്ചകളൊന്നും പാർട്ടിക്കുള്ളിൽ നടന്നിട്ടില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇരു പാർട്ടികളും ഒരുമിച്ച് മുന്നോട്ട് പോകാനാണ് ധാരണയായിട്ടുള്ളതെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ചില ദേശീയ മാധ്യമങ്ങളാണ് മമതക്ക് കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി വാഗ്ദാനം ചെയ്തെന്ന് റിപ്പോർട്ട് ചെയ്തത്.