അഴിമതിക്ക് കൂട്ട് നിന്നു; പയ്യന്നൂരില്‍ സിപിഎമ്മിനെതിരെ പൊതുജനം

അഴിമതിക്ക് കൂട്ട് നിന്നു; പയ്യന്നൂരില്‍ സിപിഎമ്മിനെതിരെ പൊതുജനം




പയ്യന്നൂര്‍: ഫണ്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട നടപടിക്ക് പിന്നാലെ പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് വന്ന സാഹചര്യത്തില്‍ പയ്യന്നൂരില്‍ അനുനയ നീക്കവുമായി സിപിഎം. സിപിഎമ്മുമായി ഇനി ഒരു സഹകരണത്തിനുമില്ലെന്ന് പറഞ്ഞ് വി കുഞ്ഞിക്കൃഷ്ണന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പറഞ്ഞത് പാര്‍ട്ടിക്കാര്‍ക്കിടയില്‍ വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം കുഞ്ഞിക്കൃഷ്ണനെതിരെ സ്വീകരിച്ച നടപടി വലിയ തോതില്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.
ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ടതോടെ വി കുഞ്ഞിക്കൃഷ്ണന്‍ ഏരിയ കമ്മിറ്റിയംഗം മാത്രമായി. ഇതോടെയാണ് ഇദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതായി പ്രഖ്യാപിച്ചത്. വി കുഞ്ഞികൃഷ്ണന്റെ സാന്നിധ്യത്തിലാണ് എല്ലാ തീരുമാനങ്ങളും എടുത്തതെന്നാണ് പാര്‍ട്ടിയുടെ  വിശദീകരണം. പയ്യന്നൂരില്‍ ഫണ്ട് തിരിമറി പുറത്ത് കൊണ്ടുവന്നത് വി കുഞ്ഞികൃഷ്ണനാണ്. നടപടിക്ക് പിന്നാലെ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗത്വവും കുഞ്ഞിക്കൃഷ്ണന്‍ രാജിവെച്ചു. വലിയ ജനപിന്തുണയുള്ള നേതാവാണ് ഇദ്ദേഹം. ഇദ്ദേഹത്തെ ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയുടെ വലിയ ശക്തികേന്ദ്രമായ വെള്ളൂരിലെ അടക്കം പ്രവര്‍ത്തകര്‍. ഏരിയകമ്മറ്റിയിലും ലോക്കല്‍ കമ്മറ്റികളിലും കുഞ്ഞിക്കൃഷ്ണനെതിരായ നടപടിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. ഫണ്ട് തിരിമറി നടത്തിയവരെ തഴുകുന്ന നടപടിയെന്നാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആക്ഷേപം. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. വെള്ളൂരില്‍ പ്രവര്‍ത്തകര്‍ ഒന്നടങ്കം കുഞ്ഞികൃഷ്ണന്റെ ചിത്രം വാട്‌സാപ് സ്റ്റാറ്റസാക്കി. പാര്‍ട്ടി പ്രചാരണത്തിനുള്ള വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും കൂട്ടത്തോടെ പ്രവര്‍ത്തകര്‍ പുറത്തു പോയി.