കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം ആരംഭിച്ചു; 20 കോടി സര്‍ക്കാര്‍ വക

കെഎസ്ആര്‍ടിസിയില്‍ ശമ്പളവിതരണം ആരംഭിച്ചു; 20 കോടി സര്‍ക്കാര്‍ വക

തിരുവനന്തപുരം: കെഎസ്ആര്‍ടിസില്‍ ശമ്പള വിതരണം ഭാഗീകമായി ആരംഭിച്ചു. എസ്ബിഐയില്‍ നിന്നുള്ള 50 കോടിയുടെ ഓവര്‍ ഡ്രാഫ്റ്റ് എടുത്തും സര്‍ക്കാരിന്റെ സഹായത്തോടെയുമാണ് ശമ്പളം വിതരണം ചെയ്യുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളത്തിനായി എടുത്ത ഓവര്‍ ഡ്രാഫ്റ്റിന്റെ തിരിച്ചടവ് പൂര്‍ത്തിയാക്കത്തതു മൂലം മറ്റൊന്ന് എടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചു. അതേ തുടര്‍ന്ന് കഴിഞ്ഞമാസത്തെ ഓവര്‍ഡ്രാഫ്റ്റ് അടച്ച് തീര്‍ത്തു. അതിന് ശേഷമാണ് 50 കോടിയുടെ ഓവര്‍ ഡ്രാഫ്റ്റ് എടുത്തത്. ധനവകുപ്പില്‍ നിന്ന് 20 കോടിയും ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ലഭിച്ച തുക ഉപയോഗിച്ചാണ് ഭാഗീകമായി ശമ്പള വിതരണം ആരംഭിച്ചത്. റൂട്ടില്‍ പോകുന്ന ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കുമാണ് ആദ്യം ശമ്പളം നല്‍കുന്നത്. ഇവര്‍ക്ക് മാത്രം ശമ്പളം നല്‍കാന്‍ 53 കോടി രൂപ ആവശ്യമാണ്. ഈ മാസം ഓവര്‍ ഡ്രാഫ്റ്റ് തിരിച്ചടയ്ക്കുന്നതിനും ശമ്പളത്തിനുമായി 50 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലേക്ക് ശനിയാഴ്ചയോടെ തുകയെത്തുന്നതോടെ മറ്റ് വിഭാഗങ്ങളുടെ ശമ്പള വിതരണവും ആരംഭിക്കും. കളക്ഷനില്‍ നിന്ന് ഇന്ധനച്ചെലവ് കഴിഞ്ഞ് മിച്ചം പിടിച്ച തുക കൂടിയെടുത്ത് ഈ മാസത്തെ ശമ്പള വിതരണം പൂര്‍ത്തിയാക്കാനാണ് കോര്‍പ്പറേഷന്റെ ശ്രമം.