ജനങ്ങള്‍ക്ക് തുല്യവെളിച്ചം ഉറപ്പാക്കണമെന്ന് രാഹുല്‍ ഗാന്ധി
പണപ്പെരുപ്പത്തിന്റെ യുഗമാണ് ഇപ്പോള്‍. പവര്‍കട്ട് മൂലം ചെറുകിട വ്യവസായങ്ങള്‍ തകരും. ഈ വ്യവസായങ്ങള്‍ ഇല്ലാതാകുന്നതോടെ..
രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 8 വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയില്‍ 8 ദിവസത്തെ കല്‍ക്കരി ശേഖരം മാത്രമേയുള്ളൂവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. ബിജെപി സര്‍ക്കാര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് തുല്യ വെളിച്ചം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പണപ്പെരുപ്പത്തിന്റെ യുഗമാണ് ഇപ്പോള്‍. പവര്‍കട്ട് മൂലം ചെറുകിട വ്യവസായങ്ങള്‍ തകരും. ഈ വ്യവസായങ്ങള്‍ ഇല്ലാതാകുന്നതോടെ ജനങ്ങള്‍ക്ക് തൊഴില്‍ പ്രതിസന്ധിയുണ്ടാകും. വിദ്വേഷത്തിന്റെ ബുള്‍ഡോസറുകള്‍ നിര്‍ത്തി വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുക. - രാഹുല്‍ ട്വീറ്റ് ചെയ്തു. രാജ്യത്തുടനീളമുള്ള കല്‍ക്കരി അധിഷ്ഠിത വൈദ്യുതോല്‍പാദന പ്ലാന്റുകളില്‍ കല്‍ക്കരി ലഭ്യമല്ലാത്തതിനാല്‍ വരും കാലങ്ങളില്‍ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് ഓള്‍ ഇന്ത്യ ഇലക്ട്രിസിറ്റി എഞ്ചിനീയേഴ്സ് ഫെഡറേഷന്‍ (എഐപിഇഎഫ്) മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൂട് കൂടുന്നതോടെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വൈദ്യുതിയുടെ ആവശ്യം വര്‍ധിച്ചിട്ടുണ്ടെന്നും എന്നാല്‍ കല്‍ക്കരി താപവൈദ്യുത നിലയങ്ങള്‍ക്ക് ആവശ്യമായ അളവില്‍ കല്‍ക്കരി ലഭിക്കുന്നില്ലെന്നും എഐപിഇഎഫ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
