ജോഡോ യാത്രയ്ക്ക് ചവറ നീണ്ടകരയിൽ ഉജ്ജ്വല വരവേൽപ്പ്
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ചവറ നീണ്ടകരയിൽ ഉജ്ജ്വല വരവേൽപ്പ്. ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം ഇന്ന് രാവിലെ ആറരയ്ക്ക് കൊല്ലം പോളയത്തോട്ടിൽ നിന്ന് തുടങ്ങിയ ജാഥ ദേശീയ പാതയിലൂടെ സഞ്ചരിച്ച് രാവിലെ 9.55 നു നീണ്ടകരയിൽ ഹോട്ടൽ ശിവ ബീച്ച് റിസോർട്ടിൽ എത്തി. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും മത്സ്യത്തൊഴിലാളികളും ഇതര ജന വിഭാഗങ്ങളും ചേർന്ന് ജാഥയ്ക്ക് വരവേൽപ്പ് നൽകി.
കടലും കായലും സന്ധിക്കുന്ന നീണ്ടകരപാലം ത്രിവർണ്ണങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. പാലത്തിന്റെ ഇരു കരകളിലും ജനസാഗരം ആർത്തലച്ചു. കെ എസ് യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കർഷക കോൺഗ്രസ് , ഐഎൻടിയുസി, എൻജിഓ അസോസിയേഷൻ തുടങ്ങിയ സംഘടനാ ഭാരവാഹികളും പ്രവർത്തകരും ജാഥയിലുടനീളം അണിനിരന്നു.
രാവിലെ ജാഥ ക്യാപ്റ്റൻ രാഹുൽ ഗാന്ധി ആർ എസ് പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഫോർവേഡ് ബ്ലോക്ക് പ്രതിനിധികളെയും രാഹുൽ ഗാന്ധി കാണും. ഉച്ച കഴിഞ്ഞ് രണ്ടിന് കശുവണ്ടി തൊഴിലാളികളുടെ പ്രതിനിധികളെയും രണ്ടരയ്ക്ക് കാഷ്യു പ്രൊമോഷൻ കൌൺസിൽ പ്രതിനിധികളെയും അദ്ദേഹം കാണുന്നുണ്ട്.
വൈകുന്നേരം നാലിന് ചവറ ബസ് സ്റ്റാൻഡിൽ നിന്ന് സായാഹ്ന പദയാത്ര തുടങ്ങും. രാത്രി ഏഴിന് കരുനാഗപള്ളി രാജാജി ജംഗ്ഷനിലാണ് സമാപനം. രാത്രി ശ്രീധരീയം കൺവെൻഷൻ സെന്റർ നഗറിൽ സംഘം വിശ്രമിക്കും. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ, കെ സി വേണുഗോപാൽ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ , രമേശ് ചെന്നിത്തല, കൊടിക്കുന്നേൽ സുരേഷ് എം പി , എൻ കെ പ്രേമചന്ദ്രൻ എം പി, ആന്റോ ആന്റണി എം പി, ആർ ചന്ദ്രശേഖരൻ തുടങ്ങിയ നേതാക്കൾ ചവറയിൽ സന്നിഹിതരായിരുന്നു.
