ചികിത്സയ്ക്ക് പണം കിട്ടാതെ വീട്ടമ്മ മരിച്ചത് ദൗര്‍ഭാഗ്യകരം : വി.ഡി സതീശൻ

ചികിത്സയ്ക്ക് പണം കിട്ടാതെ വീട്ടമ്മ മരിച്ചത് ദൗര്‍ഭാഗ്യകരം : വി.ഡി സതീശൻ

  കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് ലഭിക്കാത്തതിനെ തുടർന്ന് തൃശൂരിൽ വീട്ടമ്മ മരിച്ച സംഭവം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഹകരണ ബാങ്കുകളിൽ നിക്ഷേപിക്കുന്ന പണത്തിന് ഒരു ഉറപ്പും ഇല്ലാതാകുന്നത് നല്ലതല്ല. പണം നഷ്ടപ്പെട്ടവർക്ക് അത് തിരികെ ലഭിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നതാണ്. കരുവന്നൂരിൽ കൺസോർഷ്യം ഉണ്ടാക്കാനുള്ള സർക്കാർ ശ്രമം ഫലപ്രാപ്തിയിൽ എത്തിയില്ലെന്നതിന്റെ സൂചനയാണ് ചികിത്സയ്ക്ക് പണം ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവമെന്നും സതീശൻ കുറ്റപ്പെടുത്തി. സ്വത്തുക്കൾ വിറ്റ് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ചികിത്സയ്ക്ക് പോലും ലഭിച്ചില്ലെന്നത് അപമാനകരമാണ്. കൺസോർഷ്യം രൂപീകരിച്ചിട്ടും പണം കിട്ടാതെ പോയത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.