മന്ത്രിസഭയോ പാർട്ടിയോ അറിയാതെ എങ്ങനെയാണ് പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവിറങ്ങിയത്: വി ഡി സതീശൻ

മന്ത്രിസഭയോ പാർട്ടിയോ അറിയാതെ എങ്ങനെയാണ് പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവിറങ്ങിയത്: വി ഡി സതീശൻ

പെൻഷൻ പ്രായം ഉയർത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സീശൻ. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാർട്ടിയോ അറിയാതെ എങ്ങനെയാണ് പെൻഷൻ പ്രായം ഉയർത്താനുള്ള ഉത്തരവിറങ്ങിയത്. ആരും അറിയാതെയാണെങ്കിൽ ഉത്തരവിൽ ഒപ്പുവച്ച ധനമന്ത്രി കെ.എൻ ബാല​ഗോപാലിനെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫും കോൺഗ്രസും യോഗം ചേർന്നെടുത്ത തീരുമാനത്തെ തുടർന്നാണ് ഗൗരവതരമായ വിഷയങ്ങൾ ഉയർത്തി സർക്കാരിനെതിരെ സമരം ചെയ്യുന്നത്. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. യോഗം വിളിച്ച് ചേർക്കാൻ പോലും മുഖ്യമന്ത്രി തയാറായില്ല. കഴിഞ്ഞ ദശാബ്ദക്കാലത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണ് കേരളത്തിൽ നിലനിൽക്കുന്നത്.
ഡൽഹിയിൽ നിന്നുള്ള രണ്ടു മൂന്ന് മാധ്യമ പ്രവർത്തകർ ശൂന്യതയിൽ നിന്നുണ്ടാക്കിയ വാർത്തയാണ് ഗവർണർ വിഷയവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി അധ്യക്ഷനെതിരെ വന്നത്. അത്തരമൊരു അഭിപ്രായപ്രകടനം അധ്യക്ഷൻ നടത്തിയിട്ടില്ലെന്ന് എ.ഐ.സി.സിയും വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർമാർ ഭരണഘടനാവിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചാൽ പിന്തുണയ്ക്കില്ലെന്നതാണ് ദേശീയതലത്തിൽ കോൺഗ്രസ് നിലപാട്. ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് സംസ്ഥാന നേതൃത്വവും. കേരളത്തിലും ഗവർണറെ ഏറ്റവുമധികം വിമർശിച്ചത് കോൺഗ്രസും പ്രതിപക്ഷവുമാണ്. മന്ത്രിയെ പൻവലിക്കുമെന്ന് ഗവർണർ പറഞ്ഞപ്പോഴും അതിനുള്ള അധികാരമില്ലെന്ന് പറഞ്ഞതും പ്രതിപക്ഷമാണ്. പക്ഷെ സർവകലാശാലകളിൽ ഗവർണറും സർക്കാരും ഒന്നിച്ചായിരുന്നു. സുപ്രീം കോടതിയിൽ ഇരുവരും തോറ്റു. പ്രതിപക്ഷ നിലപാടാണ് അവിടെ വിജയിച്ചത്. വൈസ് ചാൻസിലർമാരുടെ നിയമനം നിയമവിരുദ്ധമായതിനാൽ അവർ രാജിവയ്ക്കണം. നിയമിച്ചപ്പോൾ തന്നെ വി.സിമാരുടെ നിയമനം നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞതിനാൽ അവർ നൽകിയ സർട്ടിഫിക്കറ്റുകൾക്ക് വിലയുണ്ടാകുമോ, സർവകലാശാലയിലെ ഇടപാടുകൾക്ക് അംഗീകരം ലഭിക്കുമോ തുടങ്ങിയ പ്രശ്‌നങ്ങളുമുണ്ട്. സർവകലാശാലകളിൽ ഗുരുതരമായ ഭരണപ്രതിസന്ധിയാണ് നിലനിൽക്കുന്നത്. സർക്കാരും ഗവർണറും ഒന്നിച്ചായതിനാൽ രാജ് ഭവനിലേക്ക് സി.പി.എം പ്രകടനം നടത്തുന്നതിൽ അർത്ഥമില്ല. ആ പ്രകടനം സുപ്രീംകോടതി വിധിക്ക് എതിരാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.