വ്യാജവീഡിയോ കേസ്; മൂന്ന് ദിവസം മുമ്പ് അറസ്റ്റ്; വോട്ടിങ് ദിനത്തിലെ നാടകം
കൊച്ചി: തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരെയുളള വ്യാജ വീഡിയോ കേസില്‍ പൊലീസ് അറസ്റ്റ് നാടകം നടത്തിയെന്ന ആരോപണവുമായി യുഡിഎഫ്. വ്യാജ വീഡിയോ ആരോപണം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ആദ്യം മൂന്ന് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീഡിയോ അപ്‌ലോഡ് ചെയ്ത ആളെക്കുറിച്ചും പൊലീസിന് കൃത്യമായ വിവരം കിട്ടിയിരുന്നു. ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്യേണ്ടെന്ന് ഉന്നതങ്ങളില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കുകയും ചെയ്തു. പ്രതിയെ കൃത്യമായി പിന്തുടര്‍ന്ന പൊലീസ് ഓരോ ചലനങ്ങളും നിരീക്ഷിച്ചു. ഒടുവില്‍ മൂന്ന് ദിവസം മുമ്പ് അറസ്റ്റ് ചെയ്യുകയും പോളിങ് ദിനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശത്തിന്റെ ലംഘനമാണ് തൃക്കാക്കരയില്‍ നടന്നതെന്ന് വ്യക്തമായിരിക്കുകയാണ്. പൊലീസിനെ ഉപയോഗിച്ച് നടത്തിയ അറസ്റ്റ് നാടകമാണ് തൃക്കാക്കരയില്‍ ഇപ്പോള്‍ അരങ്ങേറുന്നതെന്നും ആരോപണം ശക്തമാണ്. തൃക്കാക്കര പോളിംഗ് ദിവസം ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട അറസ്റ്റുണ്ടായതും പ്രതിക്ക് യുഡിഎഫ് ബന്ധമെന്ന ആരോപണവും പൊലീസും സിപിഎമ്മും ചേര്‍ന്നുള്ള നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫുമായി ബന്ധപ്പെട്ട വ്യാജ നിര്‍മിതിക്ക് പിന്നില്‍ സിപിഎം ആണെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചയാളെയാണ് അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. അയാള്‍ യുഡിഎഫാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് പറഞ്ഞതെന്നും വിഡി സതീശന്‍ ചോദിച്ചു. അറസ്റ്റിലായ ലത്തീഫിന് യുഡിഎഫുമായോ ലീഗുമായോ ഒരു ബന്ധവും ഇല്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.
