കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് രാവിലെ10 ന് ആരംഭിച്ചു
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് രാവിലെ 10 മണിക്ക് ആരംഭിച്ചു. തലമുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയും വിശ്വപൗരൻ ശശി തരൂരും തമ്മിലാണ് മത്സരം. രാവിലെ പത്തു മുതൽ വൈകുന്നേരം നാലുവരെ വിവിധ പിസിസികളിലും എഐസിസി ആസ്ഥാനത്തും ഭാരത് ജോഡോ യാത്രയിലും സജ്ജമാക്കിയിട്ടുള്ള പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ്. മൊത്തം 67 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്.
സ്ഥാനാർഥികളുടെ പേര് അച്ചടിച്ച രഹസ്യ ബാലറ്റ് വഴിയാവും വോട്ടെടുപ്പ്. എഐസിസി, വിവിധ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ എന്നിവ അംഗീകരിച്ച യോഗ്യതയുള്ള 9,308 കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമാണ് വോട്ടവകാശം. 22 വർഷങ്ങൾക്കു ശേഷമാണ് പാർ
ട്ടിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്.
കേരളത്തിൽ തിരുവനന്തപുരത്തു മാത്രമാണ് പോളിംഗ് സ്റ്റേഷൻ. ജി. പരമേശ്വര, വി.കെ. അറിവഴകൻ എന്നിവരുടെ നേതൃത്വത്തിലാവും ഇവിടെ വോട്ടെടുപ്പ്.
ഏറ്റവും ഒടുവിൽ വോട്ടെടുപ്പ് നടന്നത് 2000ലാണ്. അന്നു കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രണ്ടു പേരാണ് മത്സരിച്ചത്. സോണിയ ഗാന്ധിയും ജിതേന്ദ്ര പ്രസാദും. 97 ശതമാനം വോട്ട് നേടി അന്നു സോണിയ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടു. 2017ൽ രാഹുൽ ഗാന്ധിയെ ഏകപക്ഷായമായാണ് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
വോട്ടെടുപ്പ് പൂർത്തിയാക്കി, ബാലറ്റ് പെട്ടികൾ വിമാനമാർഗം ന്യൂഡൽഹിയിലെത്തിക്കും.
