വീണ്ടും നിപാ വൈറസ് ഭീതിയിൽ
നിരീക്ഷണവും ബോധവത്കരണവും ശക്തമാക്കി ആരോഗ്യ വകുപ്പ്
കോവിഡ് ഭീതി അകലുന്നതിന് മുമ്പ് കേരളം വീണ്ടും നിപാ വൈറസ് ആശങ്കയിൽ. വവ്വാലുകളുടെ പ്രജനന കാലമായതിനാൽ നിരീക്ഷണവും ബോധവൽക്കരണവും ശക്തമാക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. വനം, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണത്തോടെ നിപ പ്രതിരോധമൊരുക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിപ വൈറസ് മുമ്പ് വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകളും ശ്രദ്ധിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിപ സമാന ലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. നിപ വൈറസിന്റെ മരണനിരക്ക് വളരെ കൂടുതലാണ്. അതിനാലാണ് കൂടുതൽ ജാഗ്രത പാലിക്കേണ്ടത് വവ്വാലുകളുടെ സമ്പർക്കം ഒഴിവാക്കേണ്ടതാണ്. നിലത്ത് വീണതും പക്ഷികൾ കടിച്ചതുമായ പഴങ്ങൾ കഴിക്കരുത്. പഴങ്ങൾ നന്നായി കഴുകി ഉപയോഗിക്കണം. വവ്വാലുകളുള്ള പ്രദേശങ്ങളിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം.
